ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷകര്‍

WEBDUNIA
ഞായര്‍, 21 ഏപ്രില്‍ 2024 (15:04 IST)
തിരുവനനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പൊതു, ചെലവ്, പൊലീസ് നിരീക്ഷകരെ അയയ്ക്കുന്നു. ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവര്‍ത്തിക്കുന്നത്.
 
 പത്തനംതിട്ട മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎസും ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസും പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസുമാണ്. നിരീക്ഷകരുടെ പ്രവര്‍ത്തനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭാ മണ്ഡലങ്ങളില്‍ ഓഫീസ് തുറന്നാണ് പ്രവര്‍ത്തനം.
 
 തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക.
ഒബ്സര്‍വേഴ്സ് പോര്‍ട്ടല്‍ വഴി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നു. നിരീക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാകുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമാണ്.
ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ക്ക് വിപുലമായ അധികാരങ്ങളുണ്ട്.
 
 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മണ്ഡലങ്ങളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും സ്വതന്ത്ര്യവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളില്‍ നടപടി എടുക്കുന്നുണ്ടെന്നും പൊതുനിരീക്ഷകര്‍ ഉറപ്പാക്കുമ്പോള്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്.
 
രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയര്‍ത്തുന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത് നിരീക്ഷകരാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും നിരീക്ഷകരുടെ കര്‍ശന നിരീക്ഷണത്തിലാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ നിരീക്ഷകര്‍ക്ക് നേരിട്ടും ഫോണിലൂടെയും നല്‍കാം മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകര്‍ക്ക് നല്‍കാവുന്നതാണ്.
തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും നിരീക്ഷകര്‍ സ്വീകരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരുമായി ആകെ 50 തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് പ്രവര്‍ത്തിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article