ആദ്യം ഞെട്ടിച്ചത് രാഹുൽ ഗാന്ധി, പിന്നാലെ മോദി; പത്തനം‌തിട്ടയിൽ നരേന്ദ്ര മോദി ?

Webdunia
ശനി, 23 മാര്‍ച്ച് 2019 (13:53 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറെ ചർച്ചകൾ നടന്ന മണ്ഡലങ്ങളാണ് വടകരയും വയനാടും പത്തനം‌തിട്ടയും. ആദ്യം തന്നെ എൽ ഡി എഫ് മുഴുവൻ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അവർ പ്രചരണവും ആരംഭിച്ചു. എന്നാൽ, എൽ ഡി എഫിനു പിന്നാലെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ യു ഡി എഫും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. 
 
ഇതിൽ വടകരയും വയനാടുമായിരുന്നു യു ഡി എഫ് ഏറെ ചർച്ച ചെയ്ത മണ്ഡലങ്ങൾ. ഒടുവിൽ വടകരയിൽ കെ മുരളീധരനേയും വയനാട്ടിൽ ടി സിദ്ദിഖിനേയും സ്ഥാനാർത്ഥികളാക്കി. എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും.  
 
ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടുന്നതിന് രാഹുല്‍ ഗാന്ധിക്ക് താത്പര്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. വയനാട്ടിലെ മത്സരത്തില്‍ നിന്നും പിന്മാറുന്നതിന് ടി സിദ്ധിഖ് സമ്മതം അറിയിച്ചു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറവായിരുന്നു. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
 
രാഹുൽ ഗാന്ധിക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിൽ മത്സരിക്കുമെന്നാണ് സൂചന. ഇതിനായിട്ടാണ് പത്തനം‌തിട്ട ഒഴിച്ചിട്ടിരിക്കുന്നതെന്നും സൂചനയുണ്ട്. പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പറയാതെയാണ് ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
 
പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്. കെ സുരേന്ദ്രനോ ശ്രീധരൻ പിള്ളയോ പത്തനം‌തിട്ടയിൽ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു റിപ്പോർട്ട്. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാ‍ർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് മോദിയുടെ പേരുകൾ ഉയർന്ന് കേൾക്കുന്നത്. ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നയം രക്ഷയാകുമെന്നാണ് കരുതുന്നത്. കേന്ദ്ര അങ്ങനെയെങ്കിൽ, പത്തനം‌തിട്ടയിൽ മോദിയും വയനാട്ടിൽ രാഹുലും മത്സരിക്കും. ശക്തമായ പോരാട്ടം തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article