ഇതെന്തൊരു തള്ളലാണ് മിസ്റ്റര്‍ ബെഹ്‌റ? കേബിള്‍ ഇല്ലാത്ത സമയത്ത് കേബിള്‍ ടിവിയില്‍ സിനിമ കാണിച്ച് കേരളത്തെ രക്ഷിച്ച മാതൃകാ പൊലീസ്!

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (12:52 IST)
ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ഇന്ത്യയില്‍ കലാപമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ മാത്രം കലാപം പൊട്ടിപുറപ്പെട്ടിരുന്നില്ല. ഇതിന് കരണം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ആണെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‌റ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബെഹ്‌റയുടെ ഈ അഭിപ്രായത്തെ പൊളിച്ചടുക്കിയിരിക്കുയാണ് സോഷ്യല്‍ മീഡിയ.
 
ആ സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും കത്തിനില്‍ക്കുകയായിരുന്നു. ഇതു മനസ്സിലാക്കി പൊലീസ് ഇരുവരുടെയും ഹിറ്റ് ചിത്രങ്ങള്‍ കേബിള്‍ ടിവി വഴി പ്രദര്‍ശിപ്പിച്ചു. ഇതിനായി കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ച് ചര്‍ച്ച നടത്തുകയും പൊലീസിന്റെ ഈ തന്ത്രപരമായ നീക്കം അവര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ബെഹ്‌റ അഭിമുഖത്തില്‍ പറഞ്ഞത്. 
 
1992 ലാണ് ബാബ്‌റി മസ്ജിദ് പ്രശ്‌നം നടക്കുന്നത്. എന്നാല്‍, അന്നൊന്നും കേരളത്തില്‍ കേബിള്‍ ടിവി ഉണ്ടായിരുന്നില്ല. 1993 ലാണ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കുന്നതും ഡിജിപിയുടെ വാക്കുകള്‍ വെറും തള്ളാണെന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു. 
 
ദൂരദശന്‍ മാത്രമാണ് ബാബ്‌റി മസ്ജിദ് തകര്‍ന്ന കാലത്ത് കേരളത്തിലെ ഒരുവിധം ആളുകളെല്ലാം കണ്ടിരുന്നത്. പിന്നെ എങ്ങിനെയാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ച് ചാനലുകളിള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് പൊലീസ് പറയുകെ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്.
Next Article