മാനനഷ്‌ടക്കേസ് നല്കിയത് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനെന്ന് വി എസ്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (19:24 IST)
തനിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്‌ടക്കേസ് നല്കിയത് അദ്ദേഹത്തിന്റെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തനിക്കെതിരെ 31 കേസുണ്ടെന്ന വി എസിന്റെ പരാമര്‍ശത്തിന് എതിരെയാണ് മുഖ്യമന്ത്രി പരാതി നല്കിയിരിക്കുന്നത്.
 
തിരുവനന്തപുരം ജില്ല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചട്ടം ലംഘിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.
 
കേസ് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്ന് വി എസ് പ്രതികരിച്ചു. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടി വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും വി എസ് പറഞ്ഞു.
 
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസവും വി എസ് വ്യക്തമാക്കിയിരുന്നു. സോളാര്‍, ബാര്‍ കോഴ, പാമോലിന്‍ കേസുകള്‍ ഇതിന് ഉദാഹരണമാണ്. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
മുഖ്യമന്ത്രി ഉള്‍പ്പെടെ ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുണ്ടെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ വി എസിനെതിരെ കേസ് കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരുന്നു.
Next Article