വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ കുടുംബത്തിന്റെ കടബാധ്യതകള്‍ സ്ഥിരീകരിച്ച് പോലീസ്. വിദേശത്ത് 15 ലക്ഷം രൂപയും നാട്ടില്‍ കൂടിപോയാല്‍ 12 ലക്ഷത്തിന്റെ കടവും ഉണ്ടാകുമെന്നാണ് അഫാന്റെ പിതാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിതാവിന്റെ ഈ വാക്കുകള്‍ തെറ്റാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. അഫാന്റെയും അമ്മയുടെയും ജീവിതശൈലിയാണ് കടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 65 ലക്ഷത്തോളം നാട്ടില്‍ കടമുണ്ടെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കടം നല്‍കിയവരെയും വായ്പയെടുത്തിരുന്ന ധനകാര്യ സ്ഥാപനങ്ങളെയും കണ്ടാണ് കടബാധ്യത ഉറപ്പിച്ചത്. പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ 2022 മുതല്‍ കുടുംബത്തിലേക്കുള്ള വരുമാനവും കുറഞ്ഞെങ്കിലും അഫാനും അമ്മയും അടങ്ങുന്ന കുടുംബം ആര്‍ഭാട ജീവിതം മാറ്റാന്‍ തയ്യാറായില്ല. പലരില്‍ നിന്നും ലക്ഷങ്ങള്‍ കടവും പലിശയ്ക്ക് പണവും വാങ്ങിയാണ് 65 ലക്ഷത്തോളം രൂപ കടമായത്. അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിക്കാതെയും അഫാന് മാനസിക പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തതോടെയാണ് കടബാധ്യത തന്നെയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പോലീസ് ഉറപ്പിച്ചത്.