സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

രേണുക വേണു

ചൊവ്വ, 25 ഫെബ്രുവരി 2025 (09:08 IST)
Afan - Venjaramoodu Murder Case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ പ്രതി അഫാന്റെ മാതാവ് ഷമി സംസാരിക്കണം. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഷമി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷമിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അന്വേഷണ സംഘവും. കാരണം ഷമി സംസാരിച്ചു കിട്ടിയാല്‍ മാത്രമേ കൂട്ടക്കൊലപാതക കേസിലെ ദുരൂഹതകള്‍ ഒന്നൊന്നായി നീങ്ങൂ. 
 
കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണു വെഞ്ഞാറമൂട് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അഫാന്‍ (23) ക്രൂരമായി കൊന്നത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഫര്‍സാന. അഫാനും ഫര്‍സാനയും അടുപ്പത്തിലായിരുന്നു. 
 
മൂന്നിടങ്ങളിലായാണ് ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. അതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ കുറ്റം ഏറ്റുപറഞ്ഞു. അഫാന്റെ പിതാവ് അബ്ദുള്‍ റഹിം ഇപ്പോള്‍ വിദേശത്താണ്. റഹിം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുക. കൊലപാതകങ്ങള്‍ക്കു ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നു പറയുന്ന അഫാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തോടു പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 
 
പിതാവ് അബ്ദുള്‍ റഹിമിന്റെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുടുംബത്തിലെ സാമ്പത്തിക ബാധ്യതയ്ക്കു വേണ്ടി എന്തിനാണ് പ്രണയിനിയെ കൊലപ്പെടുത്താന്‍ അഫാന്‍ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ ചോദ്യം. 13 വയസ് മാത്രം പ്രായമുള്ള കുഞ്ഞനുജനെ അഫാന്‍ കൊന്നത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ട്. കൂട്ടക്കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 
ചുറ്റിക കൊണ്ടാണ് അഫാന്‍ ആക്രമണം നടത്തിയിരിക്കുന്നത്. അതും ഉമ്മയെ അടക്കം അതിക്രൂരമായി ആക്രമിച്ചിട്ടുണ്ട്. അഫാന്‍ ലഹരിക്കു അടിമയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍