രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറ് പേരെ വെട്ടിയെന്നാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ അഫാന്‍ മൊഴി നല്‍കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് പൊലീസിനു ഇക്കാര്യം വ്യക്തമായത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ പിതാവിന്റെ മാതാവ് സല്‍മാ ബീവി, പ്രതിയുടെ സഹോദരന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറയുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇങ്ങനെയൊരു ക്രൂര കൊലപാതക പരമ്പര നടത്തുമോ എന്നതാണ് പൊലീസിന്റെ സംശയം. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തിയ അഫാന്‍ താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്നും പറഞ്ഞു. വീട്ടുകാരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനമെന്നും പ്രതിയുടെ മൊഴിയിലുണ്ട്. എലിവിഷം കഴിച്ചതിനാല്‍ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗള്‍ഫില്‍ പിതാവിനു ഫര്‍ണീച്ചര്‍ ബിസിനസ് ആയിരുന്നെന്നും അത് തകര്‍ന്നപ്പോള്‍ ബന്ധുക്കളായ പലരോടും സാമ്പത്തിക സഹായം ചോദിച്ചിട്ടും കിട്ടിയില്ലെന്നും പ്രതി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി പറയുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും കാമുകി മാത്രമായി പിന്നെ ജീവിച്ചിരിക്കേണ്ടതില്ലെന്നും അതിനാലാണ് അവരെ കൂടി കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പറയുന്നത്.