തൃശൂരില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത

എ കെ ജെ അയ്യര്‍
ശനി, 8 ഓഗസ്റ്റ് 2020 (10:31 IST)
തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച  കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതയ്ക്കുള്ള റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
 
രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കാനാണ് നിര്‍ദേശം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
 
വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാല്‍ അത് മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article