കായല്‍ കൈയേറ്റ വിഷയത്തില്‍ തനിക്കെതിരേയുള്ള ആലുപ്പഴ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിരവധി തെറ്റുകളുണ്ടെന്ന് മന്ത്രി സ്ഥാനം രാജിവെച്ച തോമസ് ചാണ്ടി. ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് തെറ്റുകള്‍ വന്നത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ വ്യാഴാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളക്ടറുടെ ഇടക്കാല റിപ്പോർട്ടിൽ 90 ശതമാനവും തെറ്റാണ്. റിസോര്‍ട്ട് നില്‍ക്കുന്ന ഭാഗത്ത് തന്റെ പേരില്‍ ഒരു സെന്റ് ഭൂമി പോലുമില്ല. ഹൈക്കോടതി പരാമർശങ്ങൾ സുപ്രീംകോടതി നീക്കം ചെയ്താല്‍ താന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
എൻസിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നൽകിയിട്ടുണ്ട്. അതിനാല്‍ എന്‍സിപിയിലെ മറ്റൊരു എംഎല്‍എയായ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കുമെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വിഷയവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ചത് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനമാണ്. അവരുടെ നിര്‍ബന്ധ ബുദ്ധി കൊണ്ട് രാജിവെക്കേണ്ടി വന്നിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടിട്ടില്ല. രാജിക്കുള്ള സന്നദ്ധത അങ്ങോട്ട് അറിയിച്ചതാണ്. കോടതി പരാമര്‍ശം ഉള്ളതിനാല്‍ സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജിവെച്ചതെന്നും തോമസ് ചാണ്ടി പറഞ്ഞു.
ബിസിനസില്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് താന്‍ ഇവിടെ മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കവെ തോമസ് ചാണ്ടി വ്യക്തമാക്കി.