ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

രേണുക വേണു

തിങ്കള്‍, 21 ഏപ്രില്‍ 2025 (09:11 IST)
ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് കേരള പൊലീസ്. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. 
 
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകും. താരങ്ങള്‍ക്കു ലഹരി എത്തിക്കുന്നവരെ കണ്ടെത്തി ഇടപാടുകള്‍ പരിശോധിക്കുകയാണ് പൊലീസ്. സിനിമ സെറ്റുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു ഹോട്ടലുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പാര്‍ട്ടികളിലും ലഹരിയുടെ സാന്നിധ്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും മനോജ് ഏബ്രഹാം പറഞ്ഞു. 
 
ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ എത്ര ഉന്നതരുണ്ടെങ്കിലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ പൊലീസിനും എക്‌സൈസിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. സിനിമാക്കാര്‍ക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ല. പരാതി ലഭിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും എഡിജിപി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍