ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതിനെ കുറിച്ച് ചോദിച്ചറിയാനാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ താരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിനു ഹാജരായി. പൊലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്നെ ആക്രമിക്കാന്‍ ആരോ എത്തിയതാണെന്ന് വിചാരിച്ച് ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ടതാണെന്നും ഷൈന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഷൈനുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റ്, ഫോണ്‍ വിളികള്‍, യുപിഐ പണമിടപാടുകള്‍ എന്നിവ പൊലീസ് പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷൈന്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ലഹരി ഇടപാടുകാരുമായി നടന് ബന്ധമുണ്ടെന്ന് ഈ അന്വേഷണത്തില്‍ പൊലീസിനു വ്യക്തമായി. പല നുണകളും പറയാന്‍ ഷൈന്‍ ശ്രമിച്ചെങ്കിലും തെളിവ് സഹിതം പൊലീസ് കാര്യങ്ങള്‍ കാണിച്ചതോടെ ഉത്തരം മുട്ടി.
ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ഹോട്ടല്‍ രജിസ്റ്റര്‍ നോക്കിയപ്പോഴാണ് നടന്‍ ഷൈന്‍ ടോം ചാക്കോ അവിടെയുള്ള വിവരം ഡാന്‍സാഫ് സംഘത്തിനു ലഭിച്ചത്. സജീറുമായി എന്താണ് ബന്ധമെന്ന് ചോദിച്ചതോടെ ഷൈന്‍ ഉത്തരമില്ലാതെ നിശബ്ദനായി. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്.
പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആര്‍ക്കും മനസിലാകാത്ത തരത്തിലുള്ള ഉത്തരങ്ങളാണ് ഷൈന്‍ നല്‍കിയത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാതെ വിടില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ നടന്‍ പ്രതിരോധത്തിലായി. തെളിവുകള്‍ അടക്കം കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ ലഹരി ഉപയോഗം താരം സമ്മതിച്ചു. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഷൈനുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതിനുശേഷമാണ് ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കിയത്.