തമിഴ്‌നാട് ദിണ്ടിഗലില്‍ തിരുച്ചിറപ്പള്ളി റോഡിലെ അസ്ഥിരോഗ ആശുപത്രിയില്‍ തിപീടിത്തം. ഇന്നലെ രാത്രി ഒന്‍പതോടെ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ട്. ഇരുപതിലധികം പേര്‍ക്കു പരുക്കേറ്റതായി കരുതുന്നു.
തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകന്‍ മുരുകന്‍ (28), എന്‍ജിഒ കോളനി രാജശേഖര്‍ (35) എന്നിവരെയാണ് മരിച്ചവരില്‍ ഇതുവരെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് ഗുരുതരനിലയില്‍ കൂടുതല്‍ പേര്‍ ഉള്ളതിനാല്‍ മരണസംഖ്യ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നാല് നിലയുള്ള ആശുപത്രിയുടെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപടരുന്നതു കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റില്‍ കയറി കുടുങ്ങിയാണ് മൂന്ന് വയസുള്ള കുട്ടിയുള്‍പ്പെടെ മരിച്ചത്. ആശുപത്രിയിലെ ഓഫിസ് മുറിയിലെ കംപ്യൂട്ടറില്‍നിന്നു പടര്‍ന്ന തീ പിന്നീട് എല്ലാ മുറികളിലേക്കും വ്യാപിച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഇരുനൂറോളം പേര്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ഉള്ള വഴികളിലൂടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും പലരും പുക ശ്വസിച്ചു തളര്‍ന്നുവീഴുകയായിരുന്നു.