ആൾമാറാട്ടം നടത്തി ഹാജർ: സി.പി.എം നേതാവ് സസ്പെൻഷനിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 27 ഏപ്രില്‍ 2022 (18:53 IST)
കൊല്ലം:  ആൾമാറാട്ടം നടത്തി ഹാജർ ഉറപ്പിച്ച സി.പി.എം നേതാവിനും സഹായിച്ച ആളിനും അധികാരികൾ വക ശിക്ഷയായി സസ്‌പെൻഷൻ. ചവറ കെ.എം.എം.എൽ സ്പോഞ്ച് പ്ലാന്റിലാണ് നേതാവിന്റെ ഈ തരികിട പരിപാടി അരങ്ങേറിയതും കൈയോടെ സസ്‌പെൻഷൻ വാങ്ങിക്കെട്ടിയതും.

പ്ലാന്റിലെ ജൂനിയ ഖലാസിയായ പന്മന ലോക്കൽ കമ്മിറ്റി അംഗം കെ.മനീഷ്, കരാർ ജീവനക്കാരനായ ആർ.അജിത് എന്നിവരെയാണ് അന്വേഷണ വിധേയമായി കമ്പനി സസ്‌പെൻഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റായ മനീഷ് ജോലിക്കു കയറാതെ പഞ്ചിംഗ് കാർഡ് മറ്റൊരു തൊഴിലാളിയായ അജിത്തിന്റെ വശം കൊടുത്തയച്ചാണ് ഹാജർ രേഖപ്പെടുത്തിയത്.

ദിവസങ്ങളായി ഈ തട്ടിപ്പു തുടർന്നുവന്നത് കണ്ടുപിടിച്ചതോടെയാണ് അധികാരികൾ ഉണരുന്നതും സസ്‌പെൻഷൻ നൽകിയതും. ജോലിക്ക് വരാതെ തന്നെ ഓവർടൈം ഉൾപ്പെടെയുള്ള ആനുകൂല്യവും ഇയാൾ കൈപ്പറ്റി എന്നാണറിയുന്നത്.

അനർഹമായ രീതിയിലാണ് ഇയാൾ നിയമനം നേടിയത് എന്നുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കെയാണ് ഇത്തരം തട്ടിപ്പും. ഇയാൾക്ക് സഹായമായ രീതിയിൽ രാഷ്ട്രീയ സമ്മർദ്ദവും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തുവന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍