ഓപ്പറേഷൻ സത്യജ്വാല: സബ് രജിസ്ട്രാറും സീനിയർ ക്ലാർക്കും സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍

വെള്ളി, 15 ഏപ്രില്‍ 2022 (19:58 IST)
പത്തനംതിട്ട: വിജിലൻസ് വിഭാഗം സത്യജ്വാല എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി പണം സൂക്ഷിച്ച കുറ്റത്തിന് സബ് രജിസ്ട്രാറെയും സീനിയർ ക്ളാർക്കിനെയും സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ ഓഫീസിലെ സബ് രജിസ്ട്രാർ ടി.സനൽ, സീനിയർ ക്ലാർക്ക് കെ.ജി.ജലജ കുമാരി എന്നിവരെയാണ് രജിസ്‌ട്രേഷൻ വകുപ്പ് സർവീസിൽ നിന്ന് നീക്കിയത്.

കഴിഞ്ഞ വർഷം നവംബർ പതിനൊന്നിന് നടത്തിയ പരിശോധനയിൽ ഡ്യൂട്ടി സമയത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന രീതിയിൽ കണക്കിൽ പെടാതെ സനലിന്റെ കൈയിൽ നിന്നും കാറിൽ നിന്നുമായി 62,100 രൂപ കണ്ടെടുത്തത്. ഇതിനൊപ്പം ആ സമയം വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി വിവിധ രീതികളിൽ ഇയാൾക്ക് ലഭിച്ച അരലക്ഷത്തോളം രൂപ ഭാര്യയുടെയും മറ്റു ചിലരുടെയും പേർക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു.

ഇതിനൊപ്പം ഇവിടത്തെ സീനിയർ ക്ലാർക്ക് ജലജ കുമാരിയുടെ പക്കൽ നിന്ന് 12700 രൂപയും കണ്ടെടുത്തു. ഇതിനു മുമ്പ് സമാനമായ രീതിയിലുള്ള കാര്യങ്ങൾ ഇവിടെ നടന്നത് വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഇവരെ പിടികൂടുകയും വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ആയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍