സുരേഷ് ഗോപിയുടെ മകളുടെ കല്യാണം, നരേന്ദ്ര മോദിയുടെ വരവ്; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ റദ്ദാക്കി, വിമര്‍ശനം

രേണുക വേണു
വെള്ളി, 12 ജനുവരി 2024 (20:18 IST)
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ റദ്ദാക്കി. രാവിലെ നടത്തേണ്ട ചോറൂണിനും തുലാഭാരത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം നടക്കേണ്ട മറ്റു വിവാഹങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര നിര്‍ദേശത്തോടെയാണ് ഇത്തരം മാറ്റങ്ങള്‍. 
 
മോദിയെത്തുന്ന 17-ാം തിയതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേക പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. 
 
17 ന് രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ്. അന്നേ ദിവസം രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article