Lok Sabha Election 2024: ഉറപ്പിച്ച് വി.എസ്.സുനില്‍ കുമാര്‍; സിപിഐയില്‍ നിന്ന് മറ്റു പേരുകളില്ല, പ്രതാപന്‍ വീണ്ടും മത്സരിക്കും

വെള്ളി, 5 ജനുവരി 2024 (08:47 IST)
VS Sunil Kumar

V.S.Sunil Kumar: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക വി.എസ്.സുനില്‍ കുമാര്‍. കേരളത്തില്‍ സിപിഐയുടെ നാല് സീറ്റുകളില്‍ ഒന്നാണ് തൃശൂര്‍. സുനില്‍ കുമാറിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഐ നേതൃത്വത്തിനു മുന്നില്‍ മറ്റു പേരുകളൊന്നും ഉയര്‍ന്നുവന്നിട്ടില്ല. സുനില്‍ കുമാര്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെയും നിലപാട്. 
 
കടുത്ത ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. മുന്‍ എംഎല്‍എ, മന്ത്രി എന്നീ നിലകളിലെല്ലാം വളരെ മികച്ച പ്രവര്‍ത്തനമാണ് സുനില്‍ കുമാര്‍ നേരത്തെ തൃശൂരില്‍ നടത്തിയിട്ടുള്ളത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച പരിചയ സമ്പത്തും സുനില്‍ കുമാറിനുണ്ട്. 
 
ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വി.എസ്.സുനില്‍ കുമാറിനെ കളത്തിലിറക്കാന്‍ ഇടതുപക്ഷം ആലോചിച്ചത്. ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തൃശൂര്‍ സീറ്റ് സിപിഐയില്‍ നിന്ന് സിപിഎം എടുത്തേക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയാണ് തൃശൂരിലെ ഇടതുമുന്നണി. തൃശൂരില്‍ സിപിഐ തന്നെ മത്സരിക്കട്ടെ എന്നാണ് എല്‍ഡിഎഫ് തീരുമാനം. 

Read Here: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
 
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് തൃശൂര്‍. ടി.എന്‍.പ്രതാപന്‍ ആണ് നിലവിലെ എംപി. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രതാപന്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. പ്രതാപന് മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും യുഡിഎഫും കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തോല്‍വി ഭയന്നാണ് പ്രതാപന്‍ മത്സരിക്കാത്തത് എന്ന തരത്തില്‍ എതിരാളികള്‍ ഇതിനെ ഉപയോഗിക്കുമെന്നും അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയും വരുമ്പോള്‍ ശക്തനായ മത്സരാര്‍ഥിയെ തന്നെ രംഗത്തിറക്കിയില്ലെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നു. മികച്ച സംവാദകനും പ്രാസംഗികനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയവും ഉള്ള നേതാവാണ് സുനില്‍ കുമാര്‍. നാട്ടുകാര്‍ക്ക് സുപരിചിതനായ സുനില്‍ കുമാറിനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും താല്‍പര്യം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍