നവകേരളയാത്ര കാണാൻ എത്തിയത് കറുപ്പ് ചുരിദാറിൽ, പോലീസ് 7 മണിക്കൂർ തടഞ്ഞുവെച്ചതിൽ നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

അഭിറാം മനോഹർ

വ്യാഴം, 4 ജനുവരി 2024 (18:18 IST)
നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ 7 മണിക്കൂര്‍ നേരം കൊല്ലം കുന്നിക്കോട് പോലീസ് അന്യായമായി തടവില്‍ വെച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തലവൂര്‍ സ്വദേശി എല്‍ അര്‍ച്ചന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡിസംബര്‍ 18ന് രണ്ടാലും മൂട് ജക്ഷനില്‍ നവകേരള യാത്ര കടന്നുപോകുമ്പോള്‍ ഭര്‍തൃമാതാവിനൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയതായിരുന്നു പരാതിക്കാരി.
 
ഇവരുടെ ഭര്‍ത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ പതിനൊന്നോടെ കസ്റ്റഡിയിലെടുത്ത ഹര്‍ജിക്കാരെ പിന്നീട് വൈകീട്ട് ആറരയോടെ മാത്രമാണ് വിട്ടയച്ചത്. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി തന്നെ തടഞ്ഞുവെച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഭര്‍ത്താവ് രാഷ്ട്രീയക്കാരനാണെന്നതിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും തന്നെ എങ്ങനെ അറസ്റ്റ് ചെയ്യാനാകുമെന്ന് യുവതി ഹര്‍ജിയില്‍ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍