2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം സിറ്റിങ് എംപിമാരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവര്‍ കണ്ണുവയ്ക്കുന്നത്. കേരളത്തില്‍ ഭരണമാറ്റത്തിനു സാധ്യതകളുണ്ടെന്നും നിയമസഭയില്‍ എത്തിയാല്‍ മന്ത്രിസ്ഥാനം വരെ ലഭിച്ചേക്കുമെന്നും ഉള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസിന്റെ മിക്ക സിറ്റിങ് എംപിമാരും ലോക്‌സഭയിലേക്ക് ഇല്ലെന്ന നിലപാടെടുക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശക്തമായ നിലപാടെടുത്തിരിക്കുകയാണ് കെ.മുരളീധരന്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറിനില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് മുരളീധരന്‍ പറയുന്നു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ പറയുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് ശശി തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും തരൂരിനുണ്ട്. ലോക്‌സഭയിലേക്ക് മത്സരിച്ചാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മത്സരിക്കാനും അവസരം നല്‍കണമെന്നാണ് തരൂരിന്റെ നിലപാട്.
കെപിസിസി അധ്യക്ഷനായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് കെ.സുധാകരന്‍ പറയുന്നത്. എന്നാല്‍ സുധാകരന്റെ കണ്ണും മുഖ്യമന്ത്രി കസേരയില്‍ തന്നെ. സംസ്ഥാന ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാം എന്ന നിലപാടിലാണ് സുധാകരന്‍ പക്ഷവും. അതേസമയം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തനിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള നേതാവ് സുധാകരന്‍ ആയതുകൊണ്ട് തന്നെ സിറ്റിങ് എംപിമാര്‍ നിര്‍ബന്ധമായും മത്സരിക്കട്ടെ എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്ളത്.
ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കും സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് സിറ്റിങ് എംപിമാരായ ഇവരും ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്.