ഭൂമിയിടപാട്: കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും എതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്, വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി

Webdunia
ശനി, 4 ജൂണ്‍ 2016 (12:00 IST)
സന്തോഷ് മാധവൻ ഇടനിലക്കാരനായ കമ്പനിക്ക് മിച്ചഭൂമി വ്യവസ്ഥ ഇളവു ചെയ്തു നൽകിയ സംഭവത്തിൽ മുൻ റവന്യൂ മന്ത്രി അടൂർ പ്രകാശ്, ഐടി വകുപ്പ് മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കേസില്‍ മന്ത്രിമാര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.  സന്തോഷ് മാധവനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശം നല്‍കി.

എത്രയും പെട്ടെന്ന് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് കോടതി ആവശ്യപ്പെട്ടു. വിവാദ സ്വാമി സന്തോഷ് മാധവന് മിച്ചഭൂമി വ്യവസ്ഥ ഇളവു ചെയ്തു നൽകിയ സംഭവത്തിൽ അടൂർ പ്രകാശും കുഞ്ഞാലിക്കുട്ടിയും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

എറണാകുളം പുത്തൻവേലിക്കരയിൽ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിക്ക് ഇളവു നൽകി ബംഗളുരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് നൽകിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് എസ്പി കെ  ജയകുമാർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അനുബന്ധ റിപ്പോർട്ട് സമർപ്പിച്ചത്. എന്‍ ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് മന്ത്രിമാര്‍ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന വിജിലന്‍സിന്റെ ക്ളീന്‍ചിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഐടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളില്‍ 127 ഏക്കര്‍ ഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി വിട്ടുകൊടുത്ത റവന്യൂ വകുപ്പ് നടപടി വിവാദമായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിക്ക് വേണ്ടി ബിനാമി ഇടപാടിലൂടെയാണ് സന്തോഷ് മാധവന്‍ ഭൂമി സമ്പാദിച്ചതെന്ന് പറവൂര്‍ അഡീഷണല്‍ തഹസീല്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജില്ലാ കലക്ടര്‍മാരുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരുടെയും വിലക്കുകള്‍ നിരസിച്ചാണ് റവന്യൂ വകുപ്പ് ഈ ഭൂമി സന്തോഷ് മാധവന് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. കമ്പനി നേരിട്ട് മന്ത്രിയുടെ ഓഫീസിനെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Next Article