ശബരിമലയില്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും കുപ്പിവെള്ളവും നിരോധിച്ചു

Webdunia
ബുധന്‍, 17 ഫെബ്രുവരി 2016 (11:26 IST)
ശബരിമലയിലെ കടകളില്‍ പ്ളാസ്റ്റിക്  ഉല്‍പന്നങ്ങളും കുപ്പിവെള്ളവും വില്‍ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് നിലക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വെള്ളം പ്ളാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്നത് നിരോധിച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.

പ്ളാസ്റ്റിക് മാലിന്യത്തിന്‍ന്റെ അതിപ്രസരം പരിസ്ഥിതി പ്രശ്നവും വന്യജീവികള്‍ക്ക് അപകടവുമുണ്ടാക്കുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കര്‍ശനമായി തടയാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു
കടകളില്‍ പ്ളാസ്റ്റിക് വില്‍പന പാടില്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്സി ഓഫിസര്‍ പുറപ്പെടുവിച്ച ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കടമുറികള്‍ വാടകക്കെടുത്തവരുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അടുത്ത മണ്ഡല-മകര വിളക്കു സീസണിന് മുമ്പ് ശബരിമലയില്‍ പ്ളാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.