കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ പിടികൂടിയ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും പ്രത്യേക എൻഐഎ കോടതി മൂന്ന് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലുള്ള കൊവിഡ് കെയർ സെന്ററിലേയ്ക്കും. സ്വപ്നയെ മറ്റൊരു കൊവിഡ് കെയർ സെന്ററിലേയ്ക്കും മാറ്റി. കൊവിഡ് പരിശോധന ഫലംവരുന്നത് വരെ ഇരുവരെയും കൊവിഡ് കെയർ സെന്ററുകളിലാണ് പാർപ്പിയ്ക്ക എൻഐഎ പത്തു ദിവസത്തേയ്ക്ക് കസ്റ്റഡി അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷയിൽ നാളെ കൊടതി പരിഗണിയ്ക്കും.
നാളെ പരിശോധന ഫലം വരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഫലം നെഗറ്റീവ് ആയാൽ ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പടെയുള്ളവ കസ്റ്റഡിയിൽ ലഭിച്ച ശേഷം പൂർത്തിയാക്കും. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, കോവിഡ് ടെസ്റ്റിനായി സ്രവ സാംപിളുകൾ ശേഖരിച്ച ശേഷമാണ് സന്ദീപിനെയും സ്വപ്നയെയും കൊച്ചിയിലെത്തിച്ചത്.