ശബരിമല: ഫേസ്‌ബുക്കിലും വാട്സാപ്പിലും കളിച്ച സകലരും കുടുങ്ങും, ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തിൽ - ഇന്റര്‍പോളും ഇടപെടും

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (18:18 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തവര്‍ നിരീക്ഷണത്തില്‍. ആയിരത്തോളം പേരുടെ പ്രൊഫൈലുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സന്ദേശങ്ങളുടെ സ്വഭാവമനുസരിച്ച് പട്ടിക തയ്യാറാക്കിയാകും നടപടികളുമായി പൊലീസ് മുന്നോട്ട് പോകുക. ഹൈടൈക് സെല്ലും സൈബര്‍ സെല്ലും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കണ്ടെത്തുന്ന വിവരങ്ങള്‍ പൊലീസ് ആസ്ഥാനത്തെ സെല്ലിനു കൈമാറും.

വ്യാജ പ്രൊഫൈല്‍ വഴിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ കേരളത്തില്‍ തയാറാക്കിയ സന്ദേശങ്ങള്‍ വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ക്ക് വാട്സാപ് മുഖേന അയച്ചു കൊടുക്കുകയും അവര്‍ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

പട്ടിക തയ്യാറാക്കിയ ശേഷം ഇവരുടെ പേരുവിവരങ്ങള്‍ ഫേസ്‌ബുക്ക് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്യുന്ന രാജ്യവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ നാട്ടില്‍ എത്തിക്കാനാണ് പൊലീസ് നീക്കം. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article