പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി യുവാക്കളെ ആകര്‍ഷിച്ച് ശാഖകള്‍ തുടങ്ങുന്ന ആര്‍എസ്‌എസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആര്‍എസ്‌എസ് ഉപയോഗിക്കുന്ന തരത്തിലുള്ള കുറുവടികള്‍ ഉപയോഗിക്കാന്‍ ചുവപ്പ് സേനയ്ക്ക് സിപിഎം പരിശീലനം നല്‍കുന്നു. കോഴിക്കോട് ജില്ലയിലെ വടകര, ഓര്‍ക്കാട്ടേരി, അഴിയൂര്‍, നാദാപുരം മേഖലകള്‍ ഇടത് ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ ബിജെപിയും ആര്‍എസ്‌എസും പ്രവര്‍ത്തനം വ്യാപിപ്പിച്ചതും കണ്ണൂരില്‍ ചിറക്കുനി, അണ്ടല്ലൂര്‍ക്കാവ്, പാറപ്രം, പിണറായി തുടങ്ങിയ സ്ഥലങ്ങളിലേക്കുകൂടി സംഘപരിവാര്‍ സ്വാധീനം വ്യാപിച്ചതുമാണ് ചുവപ്പ് വാളണ്ടിയര്‍മാരെ കെട്ടിലും മട്ടിലും പരിഷ്കരിക്കാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നില്‍.
പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ എസ്ഡി എന്ന ചുരുക്കപ്പേരില്‍ സിപിഎമ്മിന് പ്രതിരോധസേന നിലവിലുണ്ട്. ഇവര്‍ ആരാണെന്നുള്ളതും പരിശീലനം നല്കുന്നതും രഹസ്യമായിരിക്കും. അതിനുപുറമെയാണ് വോളന്റിയര്‍സേനയില്‍ അംഗമായവര്‍ക്കുകൂടി കായികക്ഷമതാപരിശീലനും ആയോധന പരിശീനവും നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കുറുവടി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. സിപിഎം വോളന്റിയര്‍സേന രൂപവത്കരിച്ച ആദ്യകാലങ്ങളില്‍ ഇവര്‍ക്ക് കുറുവടി നല്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് ഉപേക്ഷിക്കപ്പെട്ടു.
പരിശീലനം നല്‍കിയതിനു ശേഷം ചുവപ്പ് സേനാ മാര്‍ച്ച് സംസ്ഥാനത്തൊട്ടാകെ നടത്തി സംഘപരിവാറിനെ പ്രതിരോധത്തിലാക്കാനാണ് സിപിഎം നീക്കം. ആദ്യ ശക്തിപ്രകടനം കണ്ണൂരിലാണ്. മെയ് 26-ന് നഗരത്തില്‍ കുറുവടിയേന്തിയ ചുവപ്പ് വോളന്റിയര്‍മാര്‍ പ്രതിരോധമാര്‍ച്ച് നടത്തും. കുറുവടിസേനയുടെ മാര്‍ച്ചിനൊപ്പം എല്ലാ ജില്ലയിലും റാലിയും ഒരുക്കണമെന്നാണ് സിപിഎം നിര്‍ദേശം. കണ്ണൂര്‍ ഇതിന്റെ മാതൃകയാകും. പതിനായിരത്തോളം വോളന്റിയര്‍മാരെ മാര്‍ച്ചില്‍ എത്തിക്കാനാണ് ജില്ലാ നേതാക്കളുടെ ശ്രമം. കൂടാതെ ആര്‍എസ്‌എസ് മാതൃകയില്‍ വാളന്റിയര്‍മാര്‍ക്ക് യോഗ പരിശീലനവും നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.