കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കഴിയില്ല: പിണറായി

വ്യാഴം, 16 ഏപ്രില്‍ 2015 (11:25 IST)
കണ്ണൂര്‍ ജില്ലയിലെ വടക്കേ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദനെ ബോംബെറിഞ്ഞ് കൊന്ന സംഭവത്തില്‍  ആര്‍എസ്എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം നേതാവ് പിണറായി വിജയന്‍. അനുശോചനമറിയിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം. കൊലപാതക പരമ്പരയിലൂടെ സിപിഎമ്മിനെ ഇല്ലാതാക്കിക്കളയാമെന്നാണ് ആര്‍എസ്എസ് വ്യാമോഹമെങ്കില്‍ അത് നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.


പിണറായി ഫേസ്‌ബുക്കില്‍ ചേര്‍ത്തത്:

കണ്ണൂര്‍ ജില്ലയിലെ വടക്കേ പൊയിലൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വിനോദനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതില്‍ നാടാകെ പ്രതിഷേധം ഉയരേണ്ടതുണ്ട്. കൊലപാതക പരമ്പരയിലൂടെ സിപിഐഎമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആര്‍എസ്എസിന്.

ആര്‍എസ്എസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ സഖാവാണ് വിനോദന്‍. സിപിഎം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊല്ലുമ്പോള്‍ മൌനം അവലംബിക്കുന്നവര്‍, ആര്‍എസ്എസിന്റെ ആയുധങ്ങള്‍ അവര്‍ക്ക് നേരെയും വരും എന്ന് തിരിച്ചറിയണം. സഖാവ് വിനോദന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതിനോപ്പം, ആര്‍എസ്എസ് നരമേധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആര്‍എസ്എസ് ഗൂഢാലോചന നടത്തിയാണ് വിനോദനെ കൊലപ്പെടുത്തിയതെന്ന് സിപിഎം നേതാവ് പി ജയരാജന്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണം. സര്‍ക്കാര്‍ ആര്‍എസ്എസ് പ്രീണനമാണ് നടത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക