അത്യുഷ്ണ കാലാവസ്ഥയില്‍ പോകുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോതും ഉയരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്ക് പുറമെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചുതുടങ്ങി.
യുവി സൂചികയില്‍ കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വികിരണ തോത് 9 ഇന്‍ഡക്‌സ് വരെ രേഖപ്പെടുത്തി. ഇതോടെയാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മലപ്പുറം പൊന്നാനിയില്‍ യുവി സൂചിക7 വരെയും പാലക്കാട് ജില്ലയില്‍ തൃത്താലയില്‍ ഇത് 6 വരെയും എത്തി. കോഴിക്കോട് മുതല്‍ വടക്കോട്ട് 5 മുതല്‍ 3 വരെയാണ് വികിരണ തോത്.
യുവി ഇന്‍ഡക്‌സ് 6 കടന്നാല്‍ യെല്ലോ അലര്‍ട്ടും 8-10 വരെ ഓറഞ്ച് അലര്‍ട്ടും 11 ന് മുകളില്‍ റെഡ് അലര്‍ട്ടുമാണ്. പകല്‍താപനില 38 ഡിഗ്രി വരെ ഉയരാമെന്ന നിലയില്‍ അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയേറി. ശരാശരി താപനിലയില്‍ നിന്നും 4 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരുമ്പോഴാണ് ഉഷ്ണതരംഗ സാഹചര്യം സംജാതമാകുന്നത്.