സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

നിഹാരിക കെ.എസ്

ശനി, 8 മാര്‍ച്ച് 2025 (10:22 IST)
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും സ്ഥാനമുറപ്പിക്കാമെന്ന് സംവിധായകൻ അറ്റ്ലി കരുതി. അതിന്റെ തുടക്കമെന്നോണമായിരുന്നു സൽമാൻ ഖാനുമായി ഒരു സിനിമയ്ക്കായി ചർച്ച നടത്തിയത്. എന്നാൽ, ഈ സിനിമ ഒടുവിൽ ഉപേക്ഷിക്കുകയായിരുന്നു. ചിത്രത്തിന്റെ വലിയ ബജറ്റ് ആണ് ഉപേക്ഷിക്കാനുള്ള കാരണമായത് എന്നായിരുന്നു വിവരം. 
 
എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമായത് ബജറ്റ് അല്ല മറ്റ് ചില കാര്യങ്ങളും കൂടിയുണ്ട് എന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സല്‍മാനൊപ്പം അതേ പ്രാധാന്യത്തില്‍ അഭിനയിക്കാന്‍ ഒരു തെന്നിന്ത്യന്‍ താരത്തെ കൂടി അറ്റ്‌ലീ തേടിയിരുന്നു. കമല്‍ഹാസന്‍, രജനികാന്ത് എന്നീ പേരുകളാണ് അറ്റ്‌ലീ മുന്നോട്ട് വച്ചത്. ഇവർ രണ്ട് പേരും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്. 
 
കമലിനെ ഏതാണ്ട് ഉറപ്പിച്ചിരുന്നു. സല്‍മാന്റെ അച്ഛന്‍ വേഷമായിരുന്നു കമല്‍ ഹാസന്‍ ചിത്രത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഈ റോളില്‍ കമല്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. തുടര്‍ന്ന് രജനികാന്തിനെ സമീപിച്ചു. രജനികാന്തിന്റെ ഡേറ്റിനായി ശ്രമിച്ചെങ്കിലും കൂലി, ജയിലര്‍ 2 തിരക്കുകള്‍ കാരണം അദ്ദേഹം വേഷം നിരസിക്കുകയായിരുന്നു. 
 
അതേസമയം, അല്ലു അര്‍ജുനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ തിരക്കിലാണ് അറ്റ്‌ലീ. പുനര്‍ജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാൻവി കപൂർ അടക്കം അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍