'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ഡിസം‌ബര്‍ 2024 (14:29 IST)
പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത കൊലയാളി സംഘടനയായ സിപിഎമ്മിനുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്വന്തം പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും പെരിയ കൊലപാതകങ്ങള്‍ തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത കൊലയാളി രാഷ്ട്രീയ സംഘടനയായ സിപിഎമ്മിന് ഉണ്ടെന്ന് രാഹുല്‍ പറഞ്ഞു. 14 പ്രതികളെ കുറ്റക്കാരായി കണ്ടെത്തികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
 
ആദ്യഘട്ടത്തില്‍ സിപിഎം പറഞ്ഞത് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നാണ്. ഒരു മുന്‍ എംഎല്‍എയും സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎമ്മിന്റെ 2 ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിമാരും അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറു പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാര്‍ക്ക് ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. അതേസമയം കോടതി 10 പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞിട്ടുണ്ട്. എറണാകുളം സിബിഐ കോടതി ജഡ്ജി എന്‍ ശേശാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ഇരുവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article