പെരിയ ഇരട്ടക്കെലക്കേസില്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി. ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറു പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാര്‍ക്ക് ജനുവരി മൂന്നിന് ശിക്ഷ വിധിക്കും. അതേസമയം കോടതി 10 പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞിട്ടുണ്ട്.
എറണാകുളം സിബിഐ കോടതി ജഡ്ജി എന്‍ ശേശാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ഇരുവരും. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെയും സഹായി സി കെ സജിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.