അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

രേണുക വേണു
വ്യാഴം, 21 നവം‌ബര്‍ 2024 (14:51 IST)
Adani and Rahul Gandhi

ന്യൂയോര്‍ക്ക് കോടതി വഞ്ചനാ കേസ് ചുമത്തിയ വ്യവസായി ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2,000 കോടിയുടെ അഴിമതി, മറ്റു കേസുകള്‍ എന്നിവയില്‍ ആരോപണ വിധേയനായ അദാനി സ്വതന്ത്രനായി നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷണം ഉള്ളതിനാലാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. അദാനിയുടെ അഴിമതികളില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു. 
 
' അദാനി ഇന്ത്യന്‍ നിയമങ്ങളും അമേരിക്കന്‍ നിയമങ്ങളും ലംഘിച്ചതായി ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുകയാണ്. എന്നിട്ടും ഈ നാട്ടില്‍ ഇത്ര സ്വതന്ത്രനായി അദ്ദേഹത്തിനു നടക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വ്യക്തതയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്. പ്രധാനമന്ത്രിയാണ് അദാനിയെ സംരക്ഷിക്കുന്നത്, അദാനിയുടെ അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു. 
 
' പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഈ വിഷയം ഉയര്‍ത്തിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഈ മനുഷ്യന്‍ (അദാനി) ഇന്ത്യയുടെ സ്വത്ത് അഴിമതിയിലൂടെ കൈയടിക്കി വെച്ചിരിക്കുകയാണ്. ബിജെപിക്ക് അദാനി സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ടെന്ന് വ്യക്തമാണ്. അദാനിക്കെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ നിലപാട്. അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം,' ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article