ബലാത്സംഗക്കേസ്: സിദ്ദിഖ് ഫോൺ ഹാജരാക്കിയില്ല, അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (14:50 IST)
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം  ചെയ്ത് അന്വേഷണസംഘം. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനും സിദ്ദിഖ് സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കേസില്‍ സിദ്ദിഖിന്റെ ഫോണ്‍ അടക്കമുള്ള പ്രധാന രേഖകളെല്ലാം ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.
 
എന്നാല്‍ 2016 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യലില്‍ ഇത്തരത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നും തന്നെ ഹാജരാക്കാത്ത സ്ഥിതിയില്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് താത്കാലികമായി അവസാനിപ്പിക്കാമെന്നാണ് പോലീസിന്റെ നിലപാട്.
 
സുപ്രീം കോടതിയില്‍ കേസ് പരിഗണനയില്‍ വരുമ്പോള്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും കസ്റ്റഡിയില്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് പോലീസിന്റെ നീക്കം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article