തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിൽ ചില സ്ഥലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തു വരുമെന്നും യുഡിഎഫും ബിജെപിയും തമ്മിലാണ് ഇവിടങ്ങളിൽ പ്രധാന മത്സരമെന്നുമുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ, കോൺഗ്രസ് ബിജെപിയെ പിന്തുണക്കുന്നതിനു തെളിവാണെന്നും പിണറായി പറഞ്ഞു.
പലയിടത്തും ഇടതു സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്ത് പോകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വിഭ്രാന്തിയുടെ തെളിവാണ്. മുഖ്യമന്ത്രിയുടെ നിലപാടിനോട് യുഡിഎഫോ കോണ്‍ഗ്രസോ അനുകൂലിക്കുന്നില്ലെന്നാണ് അവരുടെ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ മനസിലാകുന്നത്. നിലവില്‍ ബിജെപിക്കോ അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനോ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം, ബിജെപിയുമായി ഉമ്മന്‍ചാണ്ടി രഹസ്യ അജണ്ടയുണ്ടാക്കിയിരിക്കുകയാണ്. ഇതുവഴി അക്കൌണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമം. വടകരയിലും ബേപ്പൂരിലും മുന്‍പ് പരീക്ഷിച്ച കോ ലി ബി (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിലൂടെയാണ് അക്കൌണ്ട് തുറക്കാനുള്ള ശ്രമമെന്നും പിണറായി വിജയന്‍ ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.