ശുചിമുറിയിൽ വീണ ഫോണിന് വേണ്ടി ക്ലോസറ്റ് പൊളിച്ച് യുവാവ്. കണ്ണൂരിലെ പിണറായിലെ പെട്രോൾ പമ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെട്രോൾ പമ്പിലെ ശുചിമുറിയിൽ നഷ്ടപെട്ട മൊബൈൽ ഫോണിന് വേണ്ടിയാണ് യുവാവ് ക്ലോസറ്റ് വരെ പൊളിച്ചത്. ഫോൺ കിട്ടിയില്ലെങ്കിലും 5000 രൂപ കൊടുത്ത് ക്ലോസറ്റ് നേരെയാക്കിയാണ് യുവാവ് മടങ്ങിയത്.
പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിയയ്യായിരം മുടക്കാൻ തയ്യാറാണെന്ന തരത്തിൽ കഥകൾ പ്രചരിച്ചതോടെ ഫോൺ പരതൽ നാട്ടിൽ ചർച്ചയാവുകയായിരുന്നു. ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയുടെ ഫോണാണ് യാത്രാമധ്യേ പെട്രോൾ പമ്പിൽ നഷ്ടപ്പെട്ടത്.
താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾക്കൊപ്പമാണ് ഇയാൾ പമ്പിലെത്തിയത്. ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്ന് പമ്പിലുള്ളവർ പറഞ്ഞപ്പോൾ ഫോണിനു പുറകിൽ രണ്ട് സ്വർണ്ണ നാണയമുണ്ടെന്നാണ് ഇവർ പറഞ്ഞത്. മാൻഹോൾ അടർത്തി മാറ്റി പരിശോധിച്ചെങ്കിലും ഫോൺ ലഭിച്ചില്ല.