2024-25 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മേയ് 28ന് ആരംഭിച്ച് ജൂണ്‍ 5ന് അവസാനിക്കും. വിശദ വിവരങ്ങള്‍ വിജ്ഞാപനങ്ങളില്‍ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങള്‍ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.
അതേസമയം 2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂണ്‍ 2 ന് സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി സ്‌കൂള്‍ പരിസര ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്തുവാന്‍ കഴിയൂ. സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. സ്‌കൂളില്‍ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.