പദ്മനാഭസ്വാമി ക്ഷേത്രവും ചുരിദാറും; വിചിത്രമായ പ്രസ്‌താവനയുമായി കുമ്മനം രംഗത്ത്

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (16:06 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രസ്‌താവനയുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാമെന്ന് പറയേണ്ടത് സർക്കാരല്ല. ഇക്കാര്യം ചർച്ച ചെയ്യാൻ ക്ഷേത്രഭരണ സമിതിയെയും രാജകുടുംബാംഗങ്ങളെയും വിശ്വാസികളെയും ഉൾപ്പെടുത്തി അടിയന്തരയോഗം വിളിച്ചുചേർക്കണമെന്നും കുമ്മനം വ്യക്തമാക്കി.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാമോ എന്ന കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് ആവശ്യം. കൂട്ടായ തീരുമാനം ഇല്ലാത്തതുകൊണ്ടാണ് ക്ഷേത്രത്തിൽ എത്തിയ വിശ്വാസികളെ തടയുന്ന സാഹചര്യമുണ്ടായതെന്നും രാജശേഖരൻ പറഞ്ഞു.

ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നു രാവിലെ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഹൈന്ദവസംഘടനകളുടേത് അടക്കമുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്.
Next Article