തിരുവനന്തപുരത്ത് നിര്‍മല സീതാരാമന്‍, മുരളീധരന്‍ ആറ്റിങ്ങലില്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ ബിജെപി

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (16:38 IST)
സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രചരണത്തിലേക്ക് കടക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. ജനുവരി 27 നു മുന്‍പ് ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബിജെപി അന്തിമ തീരുമാനമെടുക്കും. ഈ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ശക്തരായ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് നേരത്തെ പ്രചരണം ആരംഭിച്ചാല്‍ അത് ഗുണം ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. 
 
തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളാണ് ബിജെപിയുടെ എ ക്ലാസ് പട്ടികയില്‍ ഉള്ളത്. അതില്‍ തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മലയെ കേരളത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയിരിക്കുന്നത്. 
 
ആറ്റിങ്ങലില്‍ വി.മുരളീധരന്‍ ആയിരിക്കും സ്ഥാനാര്‍ഥി. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന നിലപാടിലാണ് സുരേന്ദ്രന്‍. പാലക്കാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആയിരിക്കും സ്ഥാനാര്‍ഥി. മാവേലിക്കരയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article