അപ്രതീക്ഷിതമായി കുഴഞ്ഞുവീണു ,പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പിനിടെ രമ്യ ടീച്ചർ യാത്രയായി

അഭിറാം മനോഹർ

ചൊവ്വ, 9 ജനുവരി 2024 (14:37 IST)
കൊരട്ടി ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് വേദി പ്രിയ അധ്യാപികയുടെ വിയോഗവേദിയായി. വിദ്യാര്‍ഥികളെ യാത്രയയച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതും ടീച്ചര്‍ കസാരയിലേയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അധികം വൈകാതെ തന്നെ ടീച്ചര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു മരണപ്പെട്ട രമ്യാ ജോസ്(41).
 
യോഗത്തില്‍ പ്രിന്‍സിപ്പലിന് ശേഷമാണ് രമ്യ പ്രസംഗിക്കാനെഴുന്നേറ്റത്. കുട്ടികളോട് സംസാരിച്ച ശേഷം പെട്ടെന്ന് കസേരയില്‍ ഇരുന്ന അവര്‍ തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീണു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇടയ്ക്ക് വെച്ചു മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികയോഗത്തിനിടയിലും സമാനമായ രീതിയില്‍ രമ്യാ ജോസ് കുഴഞ്ഞുവീണീരുന്നു. അന്ന് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ താഴെ വീണ അവരെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ആരോഗ്യപരിശോധനകളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
 
നടക്കാനിരിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മുന്നില്‍ കണ്ടാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് നേരത്തെയാക്കിയത്. ചൊവ്വാഴ്ച ഗ്രൂപ്പ് ഫോട്ടോ എടുക്കുവാന്‍ എല്ലാവരും എത്തണമെന്ന സന്ദേശവും രമ്യ ക്ലാസ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ എറണാകുളം മരട് ചൊവ്വാറ്റുക്കുന്നേല്‍ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യാജോസ്. ഭര്‍ത്താവ് പയ്യപ്പിള്ളി കൊഴുവന്‍ ഫിനോബ്. നേഹ,നോറ എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍