ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനും മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് രാവിലെ 8:30നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു - കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.