കൊച്ചുവേളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി കോം വിദ്യാർത്ഥി കൃഷ്ണനുണ്ണിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സോഷ്യൽ മീഡിയ. കൃഷ്ണനുണ്ണിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണങ്ങൾ ഉയരുന്നു.
മാര്‍ച്ച് 31ആം തീയതി രാവിലെയാണ് വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി കൃഷ്ണനുണ്ണി എല്‍ പ്രതാപിനെ (19) മരിച്ച നിലയില്‍ കണ്ടെത്തിയത്. വഴിച്ചാല്‍ ഇമ്മാനുവല്‍ കോളേജില്‍ ബി കോം വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണനുണ്ണി. മരിച്ച നിലയില്‍ കണ്ടെത്തിയതിന് തലേ ദിവസം കൃഷ്ണനുണ്ണിക്ക് മര്‍ദ്ദനമേറ്റിരുന്നതായി ആരോപണമുണ്ട്.
സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നതിങ്ങനെ:
മരിക്കുന്നതിന്റെ തലേന്ന് വ്യാഴാഴ്ച്ച പെണ്‍സുഹൃത്തിനൊപ്പം കൃഷ്ണനുണ്ണി ബൈക്കില്‍ യാത്ര ചെയ്തുവെന്നും ഇവരെ പെണ്‍കുട്ടിയുടെ മാതാവും ബന്ധുവും കാണുകയും ഓവര്‍ടേക്ക് ചെയ്ത് വണ്ടിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനം 20 മിനിട്ടിലധികം നീണ്ടു. പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊണ്ടുപോകുകയും കൃഷ്ണനുണ്ണിയെ ആളുകള്‍ വീട്ടിലേക്കയക്കുകയും ചെയ്തു.
എന്നാല്‍ കൃഷ്ണനുണ്ണി വീട്ടിലെത്തിയില്ല. വൈകിട്ട് ആറുമണി വരെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന കൃഷ്ണനുണ്ണിയെ പിന്നീട് കാണാതായി. കൃഷണ്‌നുണ്ണിയുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകകയും ചെയ്തു. പിറ്റേ ദിവസം രാവിലെയോടെ കൃഷ്ണനുണ്ണി കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടക്കുന്നതായി അറിയിപ്പ് ലഭിച്ചു. കൃഷ്ണനുണ്ണിയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൃഷ്ണനുണ്ണി ആത്മഹത്യ ചെയ്തതല്ല. കൊല്ലപ്പെട്ടതാണ്.
അതേസമയം, നേരെ എതിർ അഭിപ്രായമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉള്ളത്. കൃഷ്ണനുണ്ണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലുമാണ് പൊലീസ്. ഉയരുന്ന ആരോപണങ്ങാളുടെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമുണ്ടായ പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.