അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാനത്തെ പാല്‍ ഗുണനിലവാരം ഉറപ്പു വരുത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (14:55 IST)
അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പാല്‍ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാല്‍ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാല്‍ ഉല്പാദനക്ഷമതയായ 10.2 കിലോഗ്രാം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ശരാശരി 7.5 കിലോഗ്രാമാണ്. ക്ഷീരവികസന വകുപ്പിന്റെ നിരന്തരവും കാര്യക്ഷമവുമായഇടപെടലുകളുടെ ഫലമായി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിലുളള കൊഴുപ്പ്, കൊഴിപ്പിതര ഖര പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ തോത് മെച്ചപ്പെടുത്തുന്നതിനു സാധിച്ചിട്ടുണ്ട്. ദ്വിമുഖ വില സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ പാലിന്റെ രാസഗുണം വര്‍ദ്ധിപ്പിക്കുന്നതില്‍ നമ്മുടെ കര്‍ഷകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
 
പാല്‍ ഉത്പാദനം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അണുഗുണ നിലവാരം കുറവാണ്. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്.  സുനിശ്ചിതമായ വിപണി നല്‍കുന്നതിനാല്‍ കൂടുതല്‍പേര്‍ ക്ഷീരമേഖല ഉപജീവന മാര്‍ഗമായി തെരഞ്ഞെടുക്കുകയാണ്. നിലവിലുള്ള ഉത്പാദന വര്‍ദ്ധനവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഉടന്‍ കേരളം പാലുല്‍പാദനത്തില്‍ മിച്ച സംസ്ഥാനമായി മാറും. ഈ സാഹചര്യത്തില്‍ നാം പാലിന്  പുതിയ വിപണികള്‍ കണ്ടെത്തേണ്ടതായി വരും. സംസ്ഥാനത്തിനു പുറത്തോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കോ പാല്‍ കയറ്റുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.  ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിന്റെ ഗുണനിലവാരം ഒരു പ്രധാന ഘടകമായിരിക്കും. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article