വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

എ കെ ജെ അയ്യര്‍
വെള്ളി, 21 മെയ് 2021 (17:25 IST)
ചിറയിന്‍കീഴ്: തന്റെ വിവാഹ ചടങ്ങില്‍  500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് പോലീസ് അധികാരികള്‍ക്ക് അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസം രാവിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുട്ടപ്പലം സജിത്ത് ആണ് ചിറയിന്‍കീഴ് എസ്.ഐ നൗഫലിന് നേരിട്ട് ഇത്തരം ഒരു അപേക്ഷ നല്‍കിയിരിക്കുന്നത്.  തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌റേഡിയത്തെക്കാള്‍ വലിപ്പവും വിസ്തീര്‍ണ്ണവും ഉള്ള ശാര്‍ക്കര ക്ഷേത്ര മൈതാനമാണ് വിവാഹ വേദിയെന്നും അപേക്ഷയില്‍ പറയുന്നു. വരുന്ന ജൂണ്‍ പതിനഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ക്ഷണക്കത്തും അപേക്ഷയ്ക്കൊപ്പം വച്ചിട്ടുണ്ട്.
 
സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹ ചടങ്ങുകള്‍ നടത്താമെന്നുള്ള സത്യ പ്രസ്താവനയും അപേക്ഷയ്ക്ക് ഒപ്പം സജിത്ത് വച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വിവാഹത്തില്‍ പങ്കെടുക്കുന്ന ക്ഷണിതാക്കള്‍ക്ക് ഇരിക്കുന്നതിന് തരത്തിലുള്ള പന്തല്‍ കെട്ടി കൊറോണയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂര്‍ണ്ണമായി പാലിക്കും എന്നും സജിത്ത് പറയുന്നു.
 
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ഉള്ള അവകാശങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗവും ജനപ്രതിനിധിയും ആയ തനിക്കും ഉണ്ടെന്നാണ് സജിത്ത് പറയുന്നത്. എന്തായാലും അപേക്ഷയില്‍ ഉചിതമാന തീരുമാനം ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ട ശേഷം അറിയിക്കാം എന്നാണ് എസ്.ഐ യുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article