ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടുന്ന കാര്യം ആലോചനയില്‍

വെള്ളി, 21 മെയ് 2021 (16:50 IST)
കേരളത്തില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയേക്കും. നിലവില്‍ മേയ് 23 നാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. മേയ് 31 വരെ ഇത് നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക്ഡൗണ്‍ കൊണ്ട് ഉപകാരമുണ്ടെന്നും രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഒരു തവണ കൂടി ലോക്ക്ഡൗണ്‍ നീട്ടിയാല്‍ രോഗവ്യാപനത്തില്‍ നല്ല കുറവുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ അതേ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 
 
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനതോതില്‍ നേരിയ കുറവുണ്ട്. എന്നാല്‍, എല്ലാ ജില്ലകളിലും രോഗവ്യാപനം കുറഞ്ഞാലേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുള്ളൂവെന്ന് പിണറായി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ ഉള്ള ജാഗ്രത തുടരണം. ഉടന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍