കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി മുന്‍നിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതില്‍ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.ഗീത. പ്രത്യേക പഠനങ്ങള്‍ നടത്തിയും സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ഗതാഗതവകുപ്പ് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 1989 ലെ കേരള മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ചട്ടം 259 (1) പ്രകാരമാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുന്‍നിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ഒഴികെയുള്ളവയില്‍ മറ്റ് യാത്രക്കാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.