നിര്‍ധനരായ രോഗികള്‍ക്ക് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക റോബോട്ടിക് സര്‍ജറി സൗജന്യമായി നല്‍കുമെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികള്‍ക്ക് എല്‍ഐസി ഇന്ത്യയുമായി ചേര്‍ന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നല്‍കുന്നത്. 2025 - 26 വര്‍ഷത്തില്‍ 100 രോഗികള്‍ക്ക് സൗകര്യം ലഭ്യമാകും. ഇതിനായി 1.25 കോടി രൂപ എല്‍ഐസിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ആര്‍സിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും എല്‍.ഐ.സി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആര്‍സിസിക്ക് നല്‍കിയിരുന്നു.
സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്. ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതല്‍ വിജയകരമായി ചെയ്യാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം കുറയ്ക്കാനാകുമെന്നതും ചെറിയ മുറിവായതിനാല്‍ അണുബാധസാധ്യത കുറവാണെന്നതുമാണ് റോബോട്ടിക് സര്‍ജറിയുടെ പ്രത്യേകകള്‍.