നടി ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേസെടുക്കാനുമാത്രമുള്ള കുറ്റമൊന്നും അവർ ചെയ്തിട്ടില്ലെന്നും സമ്പത്തിന് വേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശ്വേതാ മേനോനെതിരായ കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
ശ്വേത മേനോൻ മികച്ച നടിയാണെന്നും ബോൾഡ് ആയ നടിയാണെന്നും മന്ത്രി പറഞ്ഞു. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ, അവരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകാമിത്. മികച്ച നടിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത. കേസ് നിൽക്കില്ലെന്നും കേസ് നിയമപരമായ വഴിക്ക് പോകുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശ്വേതാ മേനോനെതിരെ പരാതി ഉയർന്നതും പൊലീസ് കേസെടുത്തതും. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നടി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.