കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീം കോടതി ജഡ്ജി അജയ് രസ്‌തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ നേതൃത്വത്തില്‍ സിബിഐ അന്വേഷിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശന്‍ കമ്മീഷന്റെ അന്വേഷണത്തെയും മരവിപ്പിച്ചാണ് ഉത്തരവ്. ഇതുവരെയുള്ള അന്വേഷണങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചകളുണ്ടെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു.
റാലിക്ക് അനുമതി നല്‍കിയിട്ടും ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇരകളുടെ കുടുംബങ്ങള്‍ അടക്കം പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.