AMMA Election: 'എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവർ അത് ഓർക്കുന്നുണ്ടോ': ശ്വേത പൊട്ടിക്കരഞ്ഞു, പിന്തുണച്ച് മേജർ രവി

നിഹാരിക കെ.എസ്

വെള്ളി, 8 ഓഗസ്റ്റ് 2025 (11:51 IST)
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടി ശ്വേത മേനോനെതിരായ കേസിൽ പിന്തുണയുമായി നടനും സംവിധായകനുമായ മേജർ രവി. അമ്മ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്ക്കെതിരെ വിചിത്രമായ ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജർ രവി പ്രതികരിച്ചത്. 
 
താൻ ശ്വേതയെ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നുവെന്നും ആ കരച്ചിൽ കേട്ടപ്പോഴാണ് തനിക്ക് വിഷയത്തിന്റെ ​ഗൗരവം മനസിലായതെന്നും മേജർ രവി പറയുന്നു. വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്.
 
ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തെരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. 
 
ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ നൽകണം. ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും. ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്”, മേജർ രവി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍