മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ ഒരാള്‍ അറസ്റ്റിലായത് ഇന്നലെ വാര്‍ത്തയായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പാര്‍വതി പൊലീസിന് പരാതി നല്‍കിയിരുന്നു.
നടിക്കെതിരെ കടുത്ത പ്രയോഗം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. തനിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ച് പോലീസ് പിടിയിലായവരെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമോ എന്നതാണ് പാര്‍വതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അറിയേണ്ടത്.
മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍വതിയെ തെറിവിളിച്ചവരിലുണ്ട്. ഇവരെ പിണക്കാതിരിക്കാനാണ് മമ്മൂട്ടി പ്രതികരിക്കാതിരുന്നതെന്നാണ് സൂചന. സഹപ്രവര്‍ത്തകയെ തന്റെ ആരാധകര്‍ അങ്ങേയറ്റം മോശമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും മമ്മൂട്ടി മൗനം പാലിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മമ്മൂട്ടി നേരിട്ട് എത്തിയില്ലെങ്കിലും ഇവരെ പുറത്തിറക്കാനും ആവശ്യമായ നിയമസഹായം നല്‍കാനും മെഗാസ്റ്റാര്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയതിനാലാണ് പരാതി നല്‍കുന്നതെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്.