സ്വരാജ് നിയമസഭയിലെത്തും, ഇങ്ങനെ സംഭവിച്ചാല്‍; കാത്തിരിക്കുന്നത് വന്‍ ട്വിസ്റ്റോ?

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (16:38 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടിയപ്പോഴും സിപിഎം അണികളെ നിരാശപ്പെടുത്തിയ ഒരു തോല്‍വിയുണ്ട്. തൃപ്പൂണിത്തുറയില്‍ സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജ് തോറ്റത് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ഞെട്ടലുണ്ടാക്കി. എന്നാല്‍, തന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്കെതിരെ കോടതി കയറിയിരിക്കുകയാണ് സ്വരാജ്. തൃപ്പൂണിത്തുറയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബുവിനെതിരെ വലിയൊരു പോരാട്ടമാണ് സ്വരാജ് നടത്തുന്നത്. 
 
ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞാണ് ബാബു വോട്ട് പിടിച്ചതെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു. 
 
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തെന്നാണ് ആരോപണം. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നു. ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്ന് ബാബു പ്രചരണം നടത്തി. സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ തോല്‍വിയാണെന്ന് ബാബു പ്രചരിപ്പിച്ചെന്നും ചുവരെഴുത്തില്‍ അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു.
 
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അഴിമതിയാണ്. അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചു. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തിരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. തെളിവ് സഹിതമാണ് സ്വരാജ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാബു വിതരണം ചെയ്ത സ്ലിപ്പുകള്‍ സ്വരാജ് കോടതിയില്‍ ഹാജരാക്കും. അഭിഭാഷകരായ പി.കെ.വര്‍ഗീസ്, കെ.എസ്.അരുണ്‍കുമാര്‍ എന്നിവര്‍ മുഖേനയാണ്  ഹര്‍ജി നല്‍കിയത്.
 
ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കാനാണ് സാധ്യത. തെളിവ് സഹിതമാണ് സ്വരാജ് കോടതിയിലെത്തിയിരിക്കുന്നത്. സ്വരാജ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ട്. ഹൈക്കോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയാല്‍ ബാബുവിന് സുപ്രീം കോടതിയെ സമീപിക്കാനും അവസരമുണ്ട്. എങ്കിലും ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്. സ്വരാജ് കൂടി നിയമസഭയിലെത്തിയാല്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം നൂറ് ആകും. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article