‘ഓണം വരാനൊരു മൂലം വേണം’എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ്​ തനിക്ക് മന്ത്രി സ്ഥാനം ലഭിച്ചത്: എം എം മണി

Webdunia
ഞായര്‍, 20 നവം‌ബര്‍ 2016 (16:23 IST)
പിണറായി വിജയൻ മ​ന്ത്രിസഭയിലേക്ക്​ തന്നെ പരിഗണിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന്​ നിയുക്തമന്ത്രി എം എം മണി. പാർട്ടിയോട് തീര്‍ത്താല്‍ തീരാത്ത​ കടപ്പാടും നന്ദിയുമുണ്ട്​. വകുപ്പ്​ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമ​​ന്ത്രിയാണ്. ഏതു വകുപ്പ്​ നൽകിയാലും കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസ്യതയും നിലനിർത്താൻ താന്‍ ശ്രമിക്കുമെന്നും മണി പറഞ്ഞു.
 
കമ്മ്യൂണിസ്​റ്റ്​ പാർട്ടി ആയതുകൊണ്ടു മാത്രമാണ്​ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രവർത്തകനായ തനിക്ക്​ മന്ത്രി സ്ഥാനം നൽകിയത്. ഇടുക്കി ഹൈറേഞ്ചിലെ വളരെ സാധാരണ തൊഴിലാളി കുടുംബത്തിൽപ്പെട്ട തനിക്ക്​ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ നേട്ടമാണ് ഈ​ മന്ത്രിസ്ഥാനം. ‘‘ഓണം വരാനൊരു മൂലം വേണം’’ എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ്​ ഈ സ്ഥാനം തനിക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. 
 
ഒരുകാരണവശാലും സ്വതസിദ്ധമായ തന്റെ ശൈലിയിൽ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഒരോ നേതാക്കൾക്കും അവരുടേതായ ഒരു ശൈലിയുണ്ട്​. ആ ശൈലിയാവട്ടെ​ ജനങ്ങളാൽ അംഗീകരിക്കപ്പെട്ടതുമാണ്​. പിന്നെ എങ്ങനെയാണ്​ മന്ത്രിയാകുമ്പോള്‍​ തന്റെ ​ശൈലി മാറ്റിയെടുക്കുയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം ചോദിച്ചു.
 
അതേസമയം, സി.പി.​ഐ മന്ത്രിമാരെ വിമർശിച്ചത്​ ഓർമ്മയില്ലെന്നാണ് മണി പറഞ്ഞത്. എൽ ഡി എഫ്​ മുന്നണിയെന്ന ബഹുമാനത്തോടെ മാത്രമേ​ സി.പി.​ഐയെ താന്‍ കണ്ടിട്ടുള്ളൂ​. പുതിയ ആകാശം,പുതിയ ഭൂമി.. പുതിയ സാഹചര്യങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്​ മുന്നോട്ടുപോകാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും 
നിയുക്തമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
Next Article