മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ടൂറിസം മേഖലയുടെ വളർച്ചയിൽ ഗണ്യമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. ഇതു സംബന്ധിച്ച വകുപ്പിന്‍റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മദ്യനയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണ്. ബാര്‍ സൌകര്യം ഇല്ലാത്തത് വിദേശ സഞ്ചാരികളുടെ കേരളത്തിലേക്കുളള വരവിനെ ബാധിച്ചു. കൂടാതെ അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവയൊന്നും കേരളത്തില്‍ വെച്ച് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നിലപാടുമായി എക്‌സൈസ് മന്ത്രിയും രംഗത്തെത്തിയിരുന്നു. മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നു ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.